കേരളത്തിലെ ഇസ്ലാമിക ചരിത്രത്തിന് പ്രവാചക കാലത്തോളം പഴക്കമുണ്ട്. അറേബ്യയുടെ മണല്‍ പരപ്പുകളില്‍ പ്രവാചകര്‍ വിശുദ്ധ ഇസ്ലാമിന്‍റെ സന്ദേശ പ്രചരണം നടത്തിയ കാലഘട്ടത്തില്‍ തന്നെ മലയാള മണ്ണിലും ആ മഹത് പ്രചാരത്തിന് വേരോട്ടമുണ്ടായിട്ടുണ്ടെന്നാണ് ചരിത്രം.
ഓളവും തീരവും കഥപറഞ്ഞ അറബിക്കടലിലെ തിരമാലകളെ വകഞ്ഞുമാറ്റി മാലിക് ബ്നു ദീനാറും കൂട്ടരും ഇവിടെ എത്തിച്ചേര്‍ന്നതോടെ ഇസ്ലാമിന് പ്രചുരപ്രചാരം ഉണ്ടാവുകയും അറബ് നാടിന് സമാനമായ രീതിയില്‍ ദീനി ചൈതന്യം നിലനില്‍ക്കുകയും ചെയ്തു.
കലഹങ്ങളും ഭിന്നതകളും ഛിദ്രതകളും ഇല്ലാതെ നൂറ്റാണ്ടുകളോളം വിശുദ്ധ ദീന്‍ മാമലനാടിന്‍റെ മണ്ണില്‍ മുന്നോട്ടുപോയി. പില്‍ക്കാലത്ത് ഇരുപതാംനൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ പാരമ്പര്യ ആദര്‍ശത്തെ പിച്ചിചീന്തി കൊണ്ടുള്ള നൂതന വാദികളുടെ രംഗപ്രവേശം തടയാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ എന്ന മഹത്തായ പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയുണ്ടായി.
ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന സാത്വികരായ പണ്ഡിതരാണ് ഈ പ്രസ്ഥാനത്തിന് ആവിര്‍ഭാവം നല്‍കിയത്. മത സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ശക്തമായ ചലനം സൃഷ്ടിക്കാന്‍ ഈ പ്രസ്ഥാനത്തിന് സാധിച്ചു. അതില്‍ ഏറെ പ്രാധാന്യത്തോടെ പറയേണ്ടത് വിദ്യാഭ്യാസമേഖലയാണ്. ആഗോളതലത്തില്‍ ഒരു ധാര്‍മിക പ്രസ്ഥാനത്തിനും അവകാശപ്പെടാനാവാത്ത വിധം ആയിരക്കണക്കിനു സ്ഥാപനങ്ങള്‍ സമസ്തക്കു കീഴില്‍ ഇന്നും നടന്നുവരുന്നു.
ധാര്‍മിക വിദ്യാഭ്യാസത്തോടൊപ്പം ഭൗദ്ധിക വിദ്യാഭ്യാസത്തെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് സമകാലിക സാഹചര്യങ്ങളോട് സമരസപ്പെടാന്‍ കഴിയുന്ന വലിയ ഒരു പണ്ഡിത വൃന്ദത്തെ സൃഷ്ടിക്കാനും സമസ്തക്ക് കഴിഞ്ഞു. ഭൗതിക മേഖലയില്‍ മാത്രം പഠിച്ചു തിളങ്ങിയ വരെ പോലും പാണ്ഡിത്യം കൊണ്ട് പരാജയപ്പെടുത്താന്‍ കഴിയുന്നവര്‍ സമസ്തയുടെ സമന്വയ സ്ഥാപനങ്ങളില്‍ നിന്ന് പിറവിയെടുക്കുകയുണ്ടായി. സമസ്തയുടെ കലാലയങ്ങളുടെ കൂട്ടത്തില്‍ ജാജ്വല്യമാനമായി ഉദിച്ചു നില്‍ക്കുന്ന സ്ഥാപനമാണ് പട്ടിക്കാട് ജാമിഅ: നൂരിയ്യഃ അറബിയ്യഃ. മലയാളനാട്ടിലെ മതകലാലയങ്ങളുടെ മാതാവ് എന്ന് അര്‍ഥശങ്കക്കിടയില്ലാത്തവിധം പറയാന്‍ കഴിയുന്നത് ഈ സ്ഥാപനത്തെ കുറിച്ചാണ്. 1962 ല്‍ സ്ഥാപിതമായ ജാമിഅ കേരളത്തിലെ ആദ്യ മത ബിരുദദാന സ്ഥാപനമാണ്. അരനൂറ്റാണ്ടിന്‍റെ വിശുദ്ധി കൊണ്ട് ജാമിഅ നൂരിയ്യ കേരളത്തിന് നല്‍കിയ വൈജ്ഞാനിക പുരോഗതി വാചകങ്ങള്‍ കൊണ്ടു വരച്ചിടാന്‍ കഴിയില്ല.
സത്യ ദീനിന്‍റെ വിശുദ്ധ സന്ദേശങ്ങള്‍ പ്രചരണം നടത്താന്‍ ഏഴായിരത്തോളം കെല്‍പ്പുറ്റ ഫൈസി ബിരുദധാരികളെ ഇതിനകം കര്‍മ്മ രംഗത്തിറക്കാന്‍ സാധിച്ചത് ചരിത്രനേട്ടമാണ്.
കേരളീയ സമൂഹത്തില്‍ ഇന്ന് വിദ്യാഭ്യാസ മേഖലയില്‍ ജ്വലിച്ചു നില്‍ക്കുന്ന മിക്കവരും ഈ സ്ഥാപനത്തില്‍ നിന്ന് പഠിച്ചവരോ പഠിച്ചവരില്‍ നിന്ന് പഠിച്ചവരോ ആണ്. ആധുനികതയുടെ അതിപ്രസരത്തില്‍ മത വിദ്യാഭ്യാസത്തോടും ദര്‍സ് രംഗത്തോടും താല്പര്യം കുറഞ്ഞു വന്നപ്പോള്‍, ധാര്‍മികത അല്‍പം പോലും ചോര്‍ന്നുപോകാതെ ഭൗതിക വിദ്യ കൂടി നല്‍കുക എന്ന ദൗത്യം ജാമിഅ ഏറ്റെടുത്തു. അങ്ങിനെയാണ് ജാമിഅയുടെ ജൂനിയര്‍ കോളേജ് സംവിധാനം ആരംഭിക്കുന്നത്. പാരമ്പര്യം വിടാതെ പുതുമയെ പുണരുന്ന ഈ നൂതന രീതി പരക്കെ സ്വീകാര്യത നേടിയപ്പോള്‍ അറുപതിനപ്പുറം എത്തി നില്‍ക്കുകയാണ് ഇന്ന് ജാമിഅയുടെ സഹ സ്ഥാപനങ്ങള്‍. അല്ലാഹുവിന്‍റെ അപാരമായ അനുഗ്രഹത്താല്‍ വൈജ്ഞാനിക ചങ്ങലയില്‍ കണ്ണി ചേരാന്‍ നമ്മുടെ നാടിന് ഭാഗ്യമുണ്ടായി. ചമ്മലില്‍ മഹല്ലില്‍ ജാമിഅ നൂരിയ്യയുമായി അഫിലിയേറ്റ് ചെയ്തു കൊണ്ട് ജാമിഅ മാഹിരിയ്യ ഇസ്ലാമിക് കോളേജ് നാലുവര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്നു. സ്കൂള്‍ തലങ്ങളില്‍ ഏഴാം തരവും മദ്രസ ആറാം തരവും കഴിഞ്ഞ വിദ്യാര്‍ത്ഥികളെ ശാസ്ത്രീയ പ്രവേശന പരീക്ഷകളിലൂടെ തിരഞ്ഞെടുത്ത് എട്ടു വര്‍ഷം കൊണ്ട് എസ് എസ് എല്‍ സി, പ്ലസ് ടു, ഡിഗ്രി എന്നിവ നല്‍കുന്നതോടൊപ്പം ജാമിഅ നൂരിയ്യ യില്‍ മുത്വവ്വല്‍ പഠനത്തിന് പ്രാപ്തരാക്കുക എന്നത് കൂടിയാണ് മാഹിരിയ്യയുടെ ലക്ഷ്യം.
സിലബസുകളില്‍ മുഖം പൂഴ്ത്തിയുള്ള പഠനത്തിനപ്പുറം ഭാഷാ പഠനം, വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം, രചന വൈഭവം, സംഘാടനം, ഐടി എന്നിവയിലെല്ലാം ഉജ്ജ്വല പരിശീലനങ്ങള്‍ നല്‍കുന്ന സമഗ്രമായ ഒരു പഠന രീതിയിലൂടെ ആധുനിക സാഹചര്യത്തിന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകാന്‍ കഴിയുന്ന ഒരു തലമുറയാണ് ഈ സ്ഥാപനത്തിലൂടെ പിറവിയെടുക്കുക. ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിദ്യാഭ്യാസമേഖലയില്‍ ഒരു ഇടം കണ്ടെത്താന്‍ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട് എന്നതില്‍ അറ്റമില്ലാത്ത കൃതാര്‍ത്ഥതയുണ്ട്. നാല് ബാച്ചുകളിലായി 120 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മാഹിരിയ്യ പുതിയ ബാച്ചിനെ വരവേല്‍ക്കാനുള്ള ആവേശത്തിലാണ്. ഉജ്ജ്വലമായ ഒരു നേതൃത്വമാണ് ജാമിഅ മാഹിരിയയുടെ കരുത്ത്. മൂന്നര പതിറ്റാണ്ടോളമായി ചമ്മലില്‍ മഹല്ലില്‍ ഖാളിയായി സേവനം ചെയ്ത് വരുന്ന സ്ഥാപനത്തിന്‍റെ പ്രിന്‍സിപ്പല്‍ കൂടിയായ ഉസ്താദ് ഹാജി ടി.കെ അബൂബക്കര്‍ മുസ്ലിയാരുടെ മേല്‍നോട്ടത്തിലാണ് ഈ ജൂനിയര്‍ കോളേജ് മുന്നോട്ടുപോകുന്നത്. മികവുറ്റ ഒരു കൂട്ടം അധ്യാപകര്‍ മാഹിരിയ്യയുടെ കരുത്താണ്. എല്ലാത്തിനുമപ്പുറം എടുത്തുപറയേണ്ടത് വിപ്ലവങ്ങള്‍ തീര്‍ക്കാന്‍ കഴിവുള്ള മഹല്ല് കമ്മിറ്റിയെ കുറിച്ച് തന്നെയാണ്. സ്ഥാപനത്തിന്‍റെ ഓരോ ചലനങ്ങളെയും വിദ്യാഭ്യാസ ആവശ്യങ്ങളെയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അസൂയാവഹം തന്നെയാണ്.
മഹല്ല് കമ്മിറ്റിയുടെയും ജാമിഅ മാഹിരിയ്യയുടെയും പ്രവര്‍ത്തനങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന 1850 വരുന്ന ഈ മഹല്ലിലെ വീട്ടുകാര്‍ ഈ സ്ഥാപനത്തിന്‍റെ ഊര്‍ജ്ജ സ്രോതസ്സാണ്. കോടികള്‍ ചെലവുവരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും ലക്ഷങ്ങള്‍ വരുന്ന ദൈനംദിന ചെലവുകളും നടത്തി വരാന്‍ മഹല്ലിന് പുറത്തേക്ക് പിരിവെടുക്കേണ്ട അവസ്ഥ ഇതുവരെ വരാത്തത് ഉദാരമതികളായ ഈ നാട്ടുകാര്‍ സ്ഥാപനത്തെ വാരിപ്പുണര്‍ന്നതു കൊണ്ടുതന്നെയാണ്. 2015 ജൂണ്‍ ഒന്നിന് പ്രമുഖ പണ്ഡിതനും സമസ്തയുടെ ജനറല്‍ സെക്രട്ടറിയുമായ കെ ആലിക്കുട്ടി ഉസ്താദാണ് ‘മുതഫരിദ്’ ഓതിക്കൊടുത്ത് സ്ഥാപനത്തിന് തുടക്കം കുറിച്ചത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ആലിക്കുട്ടി ഉസ്താദ്, എം ടി ഉസ്താദ്, സി കെ എം സ്വാദിഖ് ഉസ്താദ് തുടങ്ങിയവരെല്ലാം പഠനാരംഭംകള്‍ക്ക് എത്തുകയുണ്ടായി. അല്ലാഹു അവര്‍ക്കെല്ലാം ദീര്‍ഘായുസ്സ് നല്‍കട്ടെ. വിദ്യാഭ്യാസപരമായ പുരോഗതികള്‍ക്കൊപ്പം ആത്മീയമായും വിദ്യാര്‍ത്ഥികളെ ചിട്ടപ്പെടുത്തുക ജെ.എം.ഐ.സിയുടെ ലക്ഷ്യമാണ്. ഖുര്‍ആന്‍ പാരായണം, ഹദ്ദാദ് റാത്തീബ് തുടങ്ങിയ ദിനചര്യ പതിവാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇരുലോക പ്രതീക്ഷകളാണ്. കാലത്തിന്‍റെ സ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ് വിജയ വൈജയന്തികള്‍ പറത്താന്‍ ഈ സ്ഥാപനത്തിനും മക്കള്‍ക്കും സാധ്യമാകും എന്നത് തീര്‍ച്ചയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീന്‍.